Sunday, October 19, 2008

നദിയുടെ ദു:ഖം
‌~~~~~~~~~~~~~~~~~~~
ചാലിയാറിനെക്കുറിച്ചെഴുതാനിരുന്നപ്പോള്‍ ഞാന്‍ ഓര്‍ത്തത്‌ പഴയ ചാലിയാര്‍ ഇന്നില്ലല്ലോ എന്നാണ്‌. ചാലിയാര്‍ പറ്റേ മാറിപ്പോയിരിക്കുന്നു. അതിന്റെ ഓളങ്ങളുടെ താളം പോലും പിഴച്ചു പോയിട്ടുണ്ട്‌. തീരവും മണല്‍പ്പുറങ്ങള്‍ പോലും വെടിപ്പില്ലാതായി. പുഴയോരത്തെ കാട്ടുപൂക്കള്‍ പൂക്കാതായി. ചാഞ്ഞുകിടന്നിരുന്ന മരങ്ങള്‍ പോലും പുഴയില്‍ വീണ്‌ മരിച്ചു. ഇതൊരു പുതിയ ചാലിയാറാണ്‌. ചാരിത്ര്യം നഷ്‌ടപ്പെട്ടവള്‍-നഷ്‌ടവിശുദ്ധിയെപ്പറ്റി സങ്കടപ്പെടുന്നവള്‍.ഞാന്‍ ചാലിയാറിനെ നന്നേ സ്‌നേഹിച്ചിരുന്നു. ഈ പുഴയുടെ ഓരോ സ്‌പന്ദവും എന്റെ മനസ്സിലുണ്ട്‌. അന്ന്‌ കുട്ടികളായ ഞങ്ങള്‍ക്ക്‌ ഇത്‌ കളിത്താവളമായിരുന്നു. കരയില്‍ നിന്ന്‌ വലിച്ചെറിയുന്ന കക്ക്‌ വെള്ളത്തില്‍ മുങ്ങിത്തപ്പിയെടുത്ത്‌ ആദ്യം പുറത്ത്‌ വരുന്നവന്‍ ജേതാവായി. ഞാന്‍ പലപ്പോഴും തോറ്റുപോയതാണ്‌. വെള്ളത്തില്‍ മുങ്ങിയ കക്ക്‌ ആദ്യം കണ്ടെത്താന്‍ രണ്ട്‌ കണ്ണ്‌പോരാ, നാല്‌ കണ്ണ്‌ വേണം. പോരാത്തതിന്‌ അധികനേരം ശ്വാസം പിടിച്ച്‌ മുങ്ങിത്തപ്പാനുള്ള ശേഷിയും.എത്രപേര്‍ ഈ പുഴകൊണ്ട്‌ ജീവിച്ച്‌ പോന്നതായിരുന്നു. ഒന്നല്ല പലവിധം മീന്‍പിടുത്തക്കാര്‍. ഇവരില്‍ തണ്ടാടി വലിക്കുന്നവരാണ്‌ പ്രമുഖര്‍. നല്ല സംഘബലമുള്ളവര്‍, ശക്തര്‍-ഏത്‌ നിമിഷവും അവര്‍ പുഴ വളഞ്ഞെന്നിരിക്കും. ആകെ വളഞ്ഞു പിന്നെ വട്ടം ചെറുതാക്കി അവസാന റൗണ്ട്‌ എത്തുമ്പോഴുള്ള മീനിന്റെ പിടച്ചിലും, പിടുത്തക്കാരുടെ വെപ്രാളവും ചാലിയാറിന്റെ നേര്‍ക്കാഴ്‌ചയിലെ ഏറ്റവും വലിയ സസ്‌പെന്‍സ്‌ ത്രില്ലറാണ്‌. ചൂണ്ടലിടുന്ന ഒരു കൂട്ടര്‍, ഒറ്റുകാര്‍, പലവിധം വലക്കാര്‍ ഇവര്‍ക്കെല്ലാം പുറമെ മറ്റൊരു കൂട്ടരുണ്ട്‌. ഒഴുകുന്ന ബോംബ്‌ പോലെ ഉണങ്ങിയ ചെരങ്ങ തോടില്‍ ചൂണ്ടല്‍ കെട്ടി പുഴയില്‍ വിതറിയശേഷം അവര്‍ കരയില്‍ പോയിരുന്ന്‌ ബീഡി വലിക്കുന്നു. എന്നാല്‍ ഇവരെക്കൊണ്ടൊന്നും ഒരു ദോഷവുമില്ല. രണ്ട്‌ കൂട്ടര്‍ ദ്രോഹികളാണ്‌. തോട്ട പൊട്ടിക്കുന്നവരും, നഞ്ചു കലക്കുന്നവരും. യഥാര്‍ഥ ക്രിമിനല്‍സ്‌. ബേപ്പൂരില്‍ നിന്നും മീന്‍ വാങ്ങി തോണിയിലൂടെ ഇരുകരയിലുള്ളവരുമായും കച്ചവടം നടത്തിയ കൂട്ടര്‍ വേറെയുമുണ്ട്‌. നാളികേരം, അടയ്‌ക്ക, വാഴക്കുല, നെല്ല്‌ എന്നിവ കൊടുത്താലും മീന്‍ കിട്ടും. ഇതില്‍ രസികന്‍മാര്‍ എരുന്തു കച്ചവടക്കാരാണ്‌. തങ്ങള്‍ എരുന്തുമായി വരുന്നുണ്ടെന്നറിയിച്ചുകൊണ്ട്‌ അവര്‍ ദൂരെ നിന്ന്‌ തന്നെ താളത്തില്‍ കൂകി വിളിച്ചു. വക്കുപൊട്ടിയ തോണിയാണ്‌ ഇവരുടേത്‌. കമുങ്ങിന്റെ കുത്തുപാളയില്‍ എരുന്ത്‌ കോറി കരയില്‍ കാത്തുനിന്ന പെണ്ണുങ്ങളുടേയും, കുട്ടികളുടേയും അലുമിനിയം ചട്ടിയിലേയ്‌ക്ക്‌ അവര്‍ ഇട്ടുകൊടുത്തു. തര്‍ക്കിച്ചാല്‍ ഒരു പിടി കൂടി ആര്‍ക്കും കൊടുക്കാതിരിക്കില്ല. കളിയും കാര്യവുമായി ചില ശൃംഖാര വര്‍ത്തമാനങ്ങള്‍ പറയുമെന്ന്‌ മാത്രം. അതൊന്നും ആരും കാര്യമാക്കാറില്ല. വെറുതെ ചിരിക്കാന്‍ പറയുന്നതാണ്‌. ഇത്രദൂരം എരുന്ത്‌ വിറ്റ്‌ കൂകി വിളിച്ച്‌ നടന്നാല്‍ പാവങ്ങള്‍ക്ക്‌ എന്ത്‌ കിട്ടും? പക്ഷെ, അവര്‍ക്കത്‌ മതി. എല്ലാവരും പറയാറുണ്ട്‌ ഈ പുഴയില്‍ നിന്നും എന്ത്‌ കിട്ടിയാലും അത്‌ ബര്‍ക്കത്താണെന്ന്‌. അത്‌ നേരായിരുന്നു താനും.ഒറ്റക്ക്‌ തന്നെ അരിക്ക്‌ വഴിയുണ്ടാക്കുന്ന വേറെയും കൂട്ടരുണ്ട്‌. മുട്ടിനും, അരക്കെട്ടിനും ഇടയില്‍ വെള്ളമുള്ള താഴ്‌വരകളില്‍ കാലിന്റെ തള്ളവിരല്‍ കൊണ്ട്‌ തപ്പിനോക്കിയാല്‍ കാരെരുന്ത്‌ കിട്ടും. ഇത്‌ കഴുത്തിന്റെ പിന്നാലെ കെട്ടിയ പൊക്കണത്തില്‍ ശേഖരിക്കുന്നത്‌ ഏത്‌ സാധുവിനും ചെയ്യാന്‍ കഴിയുന്നത്‌ മാത്രമാണ്‌. പക്ഷെ മണലിലൂടെ തപ്പി നടക്കുമ്പോള്‍ സൂക്ഷിക്കണം. ഇടക്കിടെ ഇടിയിറക്കുകളുണ്ട്‌. അതില്‍പെട്ടാല്‍ പിന്നെ രക്ഷയില്ല. പേടിക്കേണ്ട ചാലിയാര്‍ ചതിക്കില്ല. പുതുയ തലമുറ `തെരപ്പം` എന്ന സംഭവം കാണാന്‍ കൂടി ഭാഗ്യമില്ലാത്തവരാണ്‌. അതിന്റെ ഫോട്ടോ പോലും ആരും എടുത്തുവെച്ചതായി അറിയില്ല. ജലപ്പരപ്പിന്‌ മുകളിലൂടെ കാവ്യാതമകമായി ഒഴുകിയ മരക്കെട്ടുകളുടെ ഈ വാഹിനികള്‍ കാലഘട്ടത്തിന്റെ പരിഛേദമായിരുന്നു.`വെപ്പ്‌ തോണി` ചാലിയാറിന്റെ കിഴക്കിനേയും പടിഞ്ഞാറിനേയും തമ്മില്‍ ബന്ധിപ്പിച്ചു. കിഴക്കന്‍ മലയോരം തൊട്ട്‌ പീഠഭൂമിയിലും തീരദേശം വരെയും ജിവിച്ച പുഴക്കരയിലെ മനുഷ്യര്‍ക്ക്‌ സാധനങ്ങള്‍ കോഴിക്കോട്ടെത്തിക്കാനും അങ്ങാടിയിലെ സാധനങ്ങള്‍ നാട്ടിലെത്തിക്കാനും തറവാട്ടുകരനെപ്പോലെ അത്‌ ഏറെക്കാലം ജീവിച്ചു. വെപ്പും തീനുമെല്ലാം തോണിയിലായിരുന്നത്രേ. പുഴമീന്‍ മുളകിട്ടതും, പരിപ്പിന്റെ കറിയും, നെടിയരിയുടെ ചോറും സ്ഥിരം ഭക്ഷണമായത്‌ കൊണ്ട്‌ തോണിയുടെ അമരത്തും അണിയത്തും നിന്നവരുടെ മസിലുകള്‍ ഇരുമ്പ്‌ കട്ട പോലെയായി. സത്യത്തില്‍ അവര്‍ നല്ല സ്വഭാവക്കാരായിരുന്നു. പക്ഷെ ആളുകള്‍ അവരെ പരുക്കന്‍മാരായി വിലയിരുത്തി.ഓട്ടുകമ്പനികളിലേയ്‌ക്ക്‌ കളിമണ്ണും കയറ്റിപോവുകയും മടങ്ങി വരുമ്പോള്‍ പലവിധചരക്കുകളും വാങ്ങി കിഴക്കോട്ട്‌ പോരുകയും ചെയ്‌തിരുന്ന `വല്യോണി` യുടെ വര്‍ഗ്ഗം അവിടവിടെ ബാക്കിയുണ്ട്‌. മണല്‍ മാഫിയക്കാര്‍ അതിനെ തുടര്‍ച്ചയായി മാനഭംഗപ്പെടുത്തി. എത്ര മീനെണ്ണ തേച്ച്‌ കൊടുത്തിട്ടും അതിനിപ്പോള്‍ പഴയ ലാവണ്യമില്ല. രാവേറെ ചെന്നാലും ചുങ്കപള്ളിയുടെ പിന്നേയും പടിഞ്ഞാറുനിന്ന്‌ കാറ്റിന്റെ കൂടെ ഒഴുകിവന്ന നാടന്‍ പാട്ടിന്റെ ശീലും എന്നോ നേര്‍ത്ത്‌ ഇല്ലാതായി. ഫോക്‌ലോര്‍ അക്കാഡമിയില്‍ അതിന്റെ ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടെന്ന്‌ ആരോ പറഞ്ഞു കേട്ടു. വയലിന്റെ അകമ്പടിയോടെ നമ്മുടെ പഴയ ഞാറ്റുപാട്ടിന്റെ ഡ്യൂപ്ലിക്കേറ്റും ഉണ്ടാക്കിയിട്ടുണ്ടത്രേ!. അരീക്കോട,്‌ ചെറുവാടി, കൊന്നാര്‌ ,പുഴമാടുകള്‍ പുകള്‍പെറ്റവയായിരുന്നു. ചാലിയാറിന്റെ വക്കിലെ പ്രസിദ്ധമായ സോഷ്യല്‍ സ്‌പെയ്‌സുകള്‍, നിലാവുള്ള രാത്രികളില്‍ മണല്‍പുറങ്ങളും, ശരറാന്തലിന്റെ വെളിച്ചം ഏറ്റുവാങ്ങിയ ഓളങ്ങളും പ്രണയചാപല്യം കാണിച്ചുകൊണ്ടിരുന്നു. മണല്‍പുറത്ത്‌ വളര്‍ത്തിയ പച്ചക്കറികളില്‍ നാലില്‍ ഒരു ഭാഗം കുറുക്കന്‍ തിന്നു. അരിമ്പുവെള്ളരിയില്‍ ശരാശരി പത്തില്‍ ഒരു ശതമാനം ചെറിയകുട്ടികള്‍ നന്നേ പുലരാന്‍ കാലത്ത്‌ മോഷ്‌ടിച്ച്‌ തിന്നു. അന്യരേയും കൊണ്ട്‌ അണ്ണാച്ചി വന്നപ്പോള്‍ മാട്ടുപുറത്തെ വിശുദ്ധ പച്ചക്കറികള്‍ മെല്ലെ യാത്രപറഞ്ഞു.പുഴയോരത്തെ മക്കാനികള്‍ കാലത്തിന്റെ കണ്ണാടികളായി. നാട്ടിലെ സകല കാര്യങ്ങളും ഇവിടെ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. പ്രാദേശിക വാര്‍ത്തകള്‍ അല്‍പം എരിവും പുളിയും ചേര്‍ത്ത്‌ കൈമാറാന്‍ പറ്റിയ വിധം മക്കാനികള്‍ ഓലകൊണ്ട്‌ വേര്‍തിരിച്ചു. പോരാത്തതിന്‌ മുളകൊണ്ടുണ്ടാക്കിയ ഫുള്‍ ബെഞ്ച്‌ നാട്ടുകര്‍ക്ക്‌ സോഫയായും കസേരയായും തീന്‍മേശയായും പ്രയോജനപ്പെടുകയും ചെയ്‌തു. പുഴയിലിറങ്ങി കുളിക്കാന്‍ പോകുന്നവര്‍ക്ക്‌ മക്കാനിക്കാരന്‍ അല്‍പം എള്ളെണ്ണയും വാസന സോപ്പിന്റെ ഒരു കഷ്‌ണവും വെറുതെ കൊടുത്തു. അവിലും ബിസ്‌കോത്തും അരി നുറുക്കും കടിച്ചവര്‍ പറ്റുവകയില്‍ എഴുതാന്‍ ഉത്തരവിട്ട്‌ ഇരുണ്ട ഇടവഴിയിലൂടെ അങ്ങാടിയിലേയ്‌ക്ക്‌ കയറി പോയി. റിവര്‍ റിസോര്‍ട്ടുകള്‍ വന്നപ്പോള്‍ മക്കാനിക്കാര്‍ പേടിച്ചെങ്കിലും കുറെ പിടിച്ച്‌ നിന്നു. പിന്നെ പിന്നെ ഇല്ലാതായി. പുഴക്ക്‌ എത്ര ഭാവഭേദങ്ങളാണ്‌. വര്‍ഷം തുടങ്ങിയാല്‍ സ്വഭാവം മാറും പണ്ട്‌ കണ്ട ഭാവമില്ലാത്തപോലെ. കിട്ടുന്നതെല്ലാം വാരിവലിച്ച്‌ കടലില്‍ കൊണ്ടുപോയിടാന്‍ കലിതുള്ളിയോടുമ്പോള്‍ കരയില്‍ നിന്ന്‌ നോക്കാന്‍പോലും പേടിയാണ്‌. പ്രകോപിതനായ ആണ്‍പുടയായി ബ്രഹ്മപുത്രാ നദിമാത്രാണത്രേ ഇന്ത്യയില്‍ ഉള്ളത്‌. ഇത്‌ അതിനേക്കാള്‍ അധികം വരും. ശരിയായ രൗദ്രം ഇവിടെയാണ്‌.മഴമാറി വേനല്‍പിറക്കുന്നതിന്റെ വേളയിലാണ്‌ പുഴയ്‌ക്ക്‌ ഭംഗികൂടുതല്‍. നല്ല വൃത്തിയും വെടിപ്പുമുള്ള കാലം. ഓളങ്ങളെ മുറിച്ച്‌ കൂട്ടം കൂടി ഓടാന്‍ പരലുകള്‍ ഉത്സാഹം കാണിക്കുന്ന സമയം. പുഴയുടെ കണ്ണുകള്‍ ഇറുകുകയും കവിളില്‍ കവിത തുളുമ്പുകയും ചെയ്യുന്ന നല്ലകാലം. വേനല്‍ പിറന്നാല്‍ പുഴയും ദാഹിച്ചു തുടങ്ങുന്നു. മെലിയുകയും ചെയ്യുന്നു. പക്ഷെ ഇല്ലാതാക്കുന്നില്ല എന്ന്‌ മാത്രം. ഏതെങ്കിലും ഒരു കരയില്‍ അരഞ്ഞാണം നീട്ടിയിട്ട പോലെ ഒരു കിടപ്പ്‌. `കുറെ കൊല്ലം കഴിഞ്ഞാല്‍ ഞാന്‍ ഇത്രയും ഉണ്ടാവില്ല` എന്ന്‌ ദൈന്യതയോടെ തന്നെ കാണാന്‍ വരുന്നവരോട്‌ പുഴ പറഞ്ഞിരുന്നു. സെന്റ്‌ പീറ്റേഴ്‌സ്‌, ചോല-ബോട്ട്‌ സര്‍വ്വീസ്‌, സെന്റ്‌ മേരീസ്‌ എന്നീ ബോട്ടുകള്‍ ഫറോക്ക്‌-എടവണ്ണ എന്നീ ധ്രുവങ്ങളെ തമ്മില്‍ അടുപ്പിക്കാന്‍ പുലര്‍ക്കാലം മുതല്‍ പാതിരവരെ കുരച്ചും കിതച്ചും പണിയെടുത്തു. ബോട്ട്‌ ഞങ്ങളുടെ കരയിലൂടെ വന്ന്‌ കിട്ടിയാല്‍ ഭാഗ്യം എന്ന്‌ കരുതി കുട്ടികള്‍ നേര്‍ച്ച നേര്‍ന്ന്‌ കാവല്‍ നിന്നു. ചരിത്രത്തില്‍ എന്നെങ്കിലും ഒരു ദിവസം ബോട്ടില്‍ കയറാന്‍ കഴിഞ്ഞ കുട്ടികള്‍ സാഹസിക യാത്രയെപ്പറ്റി വാചാലമായി സംസാരിച്ചു. ബോട്ടില്‍ കയറിയാല്‍ തന്നെ നല്ല സീറ്റ്‌ കിട്ടണം. എഞ്ചിന്റെ മുകളിലുള്ള ഫ്‌ളാറ്റ്‌ഫോമിന്‍മേല്‍ കയറിപിടിക്കാന്‍ പറ്റിയാല്‍ അത്‌ മതി ഭാഗ്യം ഇരട്ടിയാവാന്‍. ഒരു കാര്യവുമില്ലെങ്കിലും ബോട്ടിന്റെ അറ്റത്തുള്ള ടോയിലറ്റില്‍ പോയി ഒന്ന്‌ ഇരുന്നെണീറ്റ്‌ പോരുന്നതുപോലും ചെറിയ കാര്യമല്ല. വളരെ പ്രധാനപ്പെട്ട കുട്ടികളെ ചിലപ്പോള്‍ ഡ്രൈവറുടെ കൂട്ടില്‍ അല്‍പസമയം ഇരുത്തി എന്ന്‌ വന്നേക്കും. അതൊക്കെ സാധിച്ചവര്‍ ഈ നാട്ടില്‍ തന്നെയുണ്ടാവില്ല. ബോട്ടിന്‌ ഒരു ഗുണവുമുണ്ട്‌. വേറെ ഒരു വാഹനത്തിനും ഇല്ലാത്ത ഒരു കാര്യം. നമ്മള്‍ ഒരു പാട്ട്‌ മനസ്സില്‍ മൂളിയാല്‍ ബോട്ടിന്റെ ഒച്ചയും അതേമാതിരിയാവും. ഏത്‌ പാട്ടും നമുക്ക്‌ പാടാം. ബോട്ട്‌ ഏറ്റ്‌ പാടും. ബോട്ടിന്റെ സംഗീതം എന്നോ നിലച്ചുപോയി. സ്റ്റാര്‍ സിഗരറ്റ്‌ തുടര്‍ച്ചേ വലിച്ചതിനാല്‍ നില്‍ക്കാതെ ചുമച്ച്‌ കൊണ്ടിരുന്ന കറുത്ത മെലിഞ്ഞ ഡ്രൈവര്‍ മരിച്ചിട്ടും കാലമേറെയായി.വാഴക്കാട്‌ സ്‌കൂളില്‍ പഠിപ്പിക്കാന്‍ വന്ന ഹിന്ദി മാസ്റ്റര്‍ ഒരു പാട്ട്‌ പുസ്‌തകം ഇറക്കി. മാസ്റ്റര്‍ തന്നെ തന്റെ കവിത ഇപ്രകാരം ചൊല്ലി.`ചാലിയാറിന്‍ മക്കളെകേളികേട്ട പൂക്കളെഓളമൊന്ന്‌ വന്നിടുന്നുണ്ടക്കരെ``ഈ മാസ്റ്റര്‍ക്ക്‌ എന്തിന്റെ കേടാണെന്ന്‌` കുട്ടികള്‍ ചോദിച്ചത്‌ മാസ്റ്റര്‍ കേട്ടില്ല. പക്ഷെ മാസ്റ്റര്‍ പറഞ്ഞത്‌ നേരാണെന്ന്‌ പിന്നെ മനസ്സിലായി. ബിര്‍ല കമ്പനി വരുന്ന വരവിനെപ്പറ്റിയായിരുന്നു കവിത. സത്യം പറഞ്ഞാല്‍ അത്‌ ഒരു ഓളം തന്നെയായിരുന്നു. ഇത്‌ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയാണെന്ന്‌ ശ്രുതി പരന്നു. തൂപ്പുകാരന്‌ അഞ്ഞൂറു ഉറുപ്പിക ശമ്പളം കിട്ടുന്നുവെന്ന സംഗതി നാട്ടിലാകെ പാട്ടായി. ഒന്ന്‌ സത്യം തന്നെ. എത്രയോ പേര്‍ ജീവിച്ചുപോയി. പലരുടെയും പട്ടിണി മാറി. തലമുറകള്‍ക്ക്‌ പല സരണികളും കണ്ടെത്താന്‍ കമ്പനി കൊണ്ട്‌ കഴിഞ്ഞു. ഉണ്ട ചോറിന്‌ നന്ദികേട്‌ പറയരുതെന്ന സത്യവും നിലനില്‍ക്കുന്നു. ആ സത്യം ഏറ്റ്‌ പറഞ്ഞിരുന്നവനാണ്‌ ഞാനും. പക്ഷെ ചാലിയാറിന്റെ ചാരിത്ര്യം ആദ്യമായി നഷ്‌ടമായതും അന്ന്‌ തന്നെ. അത്‌ കുറെ കരഞ്ഞ്‌ നോക്കി. അങ്ങനെ കുറെ കഴിഞ്ഞപ്പോള്‍ അതെല്ലാം സാധാരണ സംഗതിയായി. മുപ്പത്തിയഞ്ച്‌ കൊല്ലം കഴിഞ്ഞപ്പോള്‍ കമ്പനിക്കാരും ഇട്ടേച്ചുപോയി. എന്നിട്ടും അവളുടെ ആയ കാലത്തെ ഭംഗി തിരിച്ച്‌ കിട്ടിയില്ല. തന്നെ സ്‌നേഹിക്കാന്‍ ആരുമില്ലല്ലോ എന്ന ദു:ഖം അവള്‍ ആരോടും പറഞ്ഞില്ല. ശത്രുക്കളുടെ മുമ്പില്‍ തന്നെ ഇട്ടേച്ച്‌ പ്രിയപ്പെട്ടവരെല്ലാം പോയതിലുള്ള പരിഭവം ഉള്ളിലൊതുക്കുകയും ചെയ്‌തു. `എന്തേ നീ പണ്ടത്തെപ്പോലെ കണ്ണെഴുതാത്തതെന്നും, കുണുങ്ങിച്ചിരിക്കാത്തതെന്നും` ചോദിച്ചാല്‍ മിണ്ടാണ്ടമില്ല. ഒരേ ഒരു ഭാവം. `ഇതൊക്കെ മതി, എനിക്കിനി വയ്യ.` കരയിലെ കുന്നിന്‍ പുറങ്ങളില്‍ അങ്ങിങ്ങായ പൊന്തകള്‍ക്കിടയില്‍ തലയുയര്‍ത്തി നിന്ന ശ്‌മശാനങ്ങളില്‍ കിടക്കുന്ന പണ്ട്‌ തന്നെ സ്‌നേഹിച്ച കാമുകന്‍മാരോട്‌ അവള്‍ യാത്രാമൊഴി പറഞ്ഞു. `ഞാനിത്‌ വഴി പോകുന്നു. ഇനി മടങ്ങിവരില്ല.` മുഷിഞ്ഞതെല്ലാം പായയില്‍ ചുരുട്ടിക്കെട്ടി നാട്ടിലെ പെണ്ണുങ്ങള്‍ പുലരാന്‍ കാലത്ത്‌ തന്നെ പുഴയിലെത്തി കുളിച്ച്‌ ഭംഗിയായി നനഞ്ഞതും ഉടുത്ത്‌ ആണുങ്ങള്‍ വരും മുമ്പേ കരകയറിപോയി. വൈകിയെത്തിയ സത്രീകള്‍ പുഴയില്‍ താഴ്‌ത്തികെട്ടിയ ഓലമറയ്‌ക്കുള്ളില്‍ കയറിക്കുളിച്ചു. ചെറിയ മക്കള്‍ ഓല മറയ്‌ക്കുള്ളില്‍ നുഴഞ്ഞുകയറിയും ഇറങ്ങിയും കളിച്ചു. സവാരി തോണിക്കുള്ളില്‍ പനമ്പ്‌ കൊണ്ടുണ്ടാക്കിയ മേപ്പുരക്ക്‌ താഴെ ഒളിച്ചിരുന്ന വലിയ വീട്ടിലെ പെണ്ണുങ്ങള്‍ വിരുന്നിന്‌ പോയി.തുണി ഉടുത്തതും ഉടുക്കാത്തതും ട്രൗസറിട്ടവരും അല്ലാത്തവരുമായ നാനാജാതി മക്കളും ഒരു പാട്‌ നേരം പുഴയില്‍ നീന്തിതുടിച്ചു. വെളളം തേവി പരസ്‌പരം ശ്വാസം മുട്ടിച്ചു. പിന്നെ കൂട്ടച്ചിരിയിലേര്‍പ്പെട്ട്‌ ചെറിയ കുട്ടികള്‍ വലിയവരുടെ ചുമലില്‍ കയറി തങ്ങളുടെ പൊക്കം മുഴുവന്‍ നാട്ടുകാരെ കാണിച്ചു. ചുറ്റുഭാഗവും തിരിഞ്ഞ്‌ സലാം വെച്ച്‌ പുഴയിലേയ്‌ക്ക്‌ എടുത്തുചാടി. പന്തയം വച്ച്‌ നീങ്ങി. നേരിയ മുണ്ടുടുത്ത്‌ നീന്തി നീന്തി അക്കരെപ്പറ്റി അവിടെ പാറപ്പുറത്ത്‌ മലര്‍ന്ന്‌ കിടന്ന്‌ ക്ഷീണം മാറ്റി. ഇളം മേനിയിലാകെ വെള്ളത്തുള്ളികള്‍ സൂര്യകിരണമേറ്റപ്പോള്‍ അവ പളുങ്ക്‌ മണികളെപ്പോലെയായി.ഒറ്റയ്‌ക്ക്‌ ഒരു ബാത്ത്‌ റൂം കിട്ടിയപ്പോള്‍ പത്രം വായിക്കാനും തുണിയഴിച്ചിട്ട്‌ കുളിക്കാനും സൗകര്യമായി. സ്വിമ്മിംഗ്‌ പൂളില്‍ കുളിക്കുന്ന പുണ്യവതികള്‍ പുഴയെ ഒരുമ്പെട്ടവള്‍ എന്ന്‌ വിളിച്ചു. പ്രവാഹങ്ങളെ മുറിച്ചു നീന്താന്‍ പഠിച്ച തലമുറയുടെ കാലം കഴിഞ്ഞുപോയിരിക്കുന്നു. ഇത്‌ വലിയവരുടെ കാലം. പുഴയെ കൊല്ലുന്നവന്‍്‌മാരുടെ കാലം. തോട്ടപൊട്ടിക്കുന്നവരുടേയും നഞ്ച്‌ കലക്കുന്നവരുടേയും പിന്‍മുറക്കാര്‍ക്ക്‌ മരണഭയമില്ലത്രേ. അവര്‍ പകല്‍ മുഴുവന്‍ നദീ സംരക്ഷണത്തെക്കുറിച്ച്‌ സെമിനാറുകളില്‍ സംസാരിച്ച്‌ ക്ഷീണിക്കുകയും പെപ്‌സി കുടിച്ച്‌ ശക്തി സംഭരിക്കുകയും ചെയ്യുന്നു. അന്തിമയങ്ങിയാല്‍ പിന്നെ ചത്ത ജന്തുക്കളെ പുഴയില്‍ കൊണ്ടിടാന്‍ പോകുന്നവരുടെ കുടെയും പോവുന്നു. കോഴിക്കച്ചവടര്‍ക്കാര്‍ക്ക്‌ നല്ല കാലം വന്നു. കുടല്‍ മാലകള്‍ ചാക്കില്‍ കെട്ടി പുഴയില്‍ കൊണ്ടിടാന്‍ പറ്റിയവിധം പല പാലങ്ങളും വന്ന്‌ ചേര്‍ന്നത്‌ അവരുടെ ഭാഗ്യം. കിണര്‍ കുത്താന്‍ വകയില്ലാത്ത പാവങ്ങള്‍ കുടിക്കാന്‍ ഉപയോഗിച്ച വെള്ളത്തില്‍ ഇപ്പോള്‍ കുളിച്ചാല്‍ ചൊറിപിടിച്ച്‌ മരിക്കുമെന്ന പേടിയായി. ിയാര്‍ മാത്രം കേട്ടു. എതിര്‍ത്ത്‌ ഒരു ഓളം പോലും പൊങ്ങിയില്ല. പാവം ഇനി ഒരങ്കത്തിന്‌ അതിന്‌ ബാല്യമില്ല. രാഷ്‌ട്രീയക്കാരും പോലീസുകാരും ഒരു പൊതു ധാരണയിലെത്തി, ചാലിയാറിനെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു മരുഭൂമിയാക്കി മാറ്റാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചുവരുന്നു. മണല്‍ മാഫിയ എന്ന്‌ പറയുന്നത്‌ വ്യാകരണ തെറ്റ്‌. അവര്‍ മണല്‍ രാജാക്കന്‍മാര്‍. പുതിയ ഒരു നദീതട സംസ്‌കാരത്തിന്റെ രാജശില്‍പികള്‍. പോലീസുകാര്‍, കൊട്ടരഭൃത്യന്മാര്‍. പ്രജകളില്‍ ആരും തിരുവായ്‌ക്ക്‌ എതിരു പറയില്ല. പറഞ്ഞെന്നിരിക്കില്‍ ഒരു വേള ചാലിയാറിലൊഴുകുന്ന പ്ലാസ്റ്റിക്‌ ചാക്കുകളില്‍ ഒന്നിന്റെ ഉളളിലായേക്കാനും വകയുണ്ട്‌. ഇനിയും പഴയ കെ.എ.റഹിമാന്‍മാരും ഉയര്‍ന്ന്‌ വരുന്നുണ്ടെങ്കില്‍ അവരെ ചെറുപ്പത്തിലേ പിടികൂടാന്‍ പദ്ധതി തയ്യാറാക്കുകയും ചെയ്‌തു കഴിഞ്ഞു. ഈ മൊബൈല്‍ ഫോണ്‍ വന്നില്ലായിരുന്നെങ്കില്‍ നമ്മള്‍ തെണ്ടിപ്പോകുമായിരുന്നേനെ എന്ന്‌ ഏഡിന്‍ഷികളും മല്ലന്‍മാരായ മണലൂറ്റുകാരും പറഞ്ഞത്‌ ചാലിയാര്‍ മാത്രം കേട്ടു. എതിര്‍ത്ത്‌ ഒരു ഓളം പോലും പൊങ്ങിയില്ല. പാവം ഇനി ഒരങ്കത്തിന്‌ അതിന്‌ ബാല്യമില്ല. * * * * * * * * * * * * * ഇ.ടി.മുഹമ്മദ്‌ ബഷീര്‍

1 comment:

Anonymous said...

വായിച്ചു, ഇഷ്ടായി ഞാന്‍ അനുഭവിക്കാത്ത ഒരു നല്ല കാലമുണ്ടായിരുന്നു .